പുല്‍പ്പള്ളി: നാടും നഗരവും ഓണത്തിരക്കിലേക്ക് കടക്കുമ്പോള്‍ ആഘോഷത്തിമര്പ്പിലാക്കാന് മാവേലിമാരും ഇറങ്ങിക്കഴിഞ്ഞു.
ഓണം എത്താറായതോടെ മാവേലിമാര്‍ തിരക്കോട് തിരക്കിലാണ്. ഇനിയുള്ള ദിവസങ്ങളിലും കിരീടവും വേഷവും അഴിച്ചുവെക്കാന്‍ സമയംകിട്ടാറില്ലെന്നാണ് വര്‍ഷങ്ങളായി മാവേലിവേഷം കെട്ടുന്നവര്‍ പറയുന്നത്. ക്ലബ്ബുകളുടേയും സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടേയുമെല്ലാം ഓണാഘോഷത്തില്‍ ലക്ഷണമൊത്ത മാവേലിയാണ് താരം.
എന്നാല്‍ വസ്ത്രം, കിരീടം, കുട, ആഭരണങ്ങള്‍, മേക്കപ്പ് എന്നിവയ്ക്കുള്ള ചെലവ് സ്വന്തം കീശയില്നിന്നെടുക്കണം. ചിലയിടത്ത് സംഘാടകര്‍തന്നെ ഈ ചെലവുകള്‍ വഹിക്കും. ഓണക്കാലം തുടങ്ങുന്നതിന് മുന്‍പേ മാവേലി വേഷം കെട്ടുന്നവരെ തേടി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഓണാഘോഷ പരിപാടികളില്‍ മാവേലിക്ക് കിട്ടുന്ന സ്വീകാര്യത വലുതാണ്. പരിപാടിക്കെത്തുന്ന വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെ മാവേലിക്ക് കൈകൊടുത്തേ മടങ്ങു. ഇതിനിടയില്‍ സന്ദര്‍ശകരെ കൈവീശിക്കാട്ടണം. കുട്ടികള്‍ ഉള്പ്പെടെയുള്ളവരുടെകൂടെ സെല്‍ഫിയെടുക്കാനും വന്‍ തിരക്കാണ്.